എന്റെ കനാൻദേശം — ദൈവം എനിക്കായി ഒരുക്കിത്തന്ന തേനും പാലും ഒഴുകുന്ന എന്റെ സ്വന്തം കനാൻദേശം! ചിക്കാഗോ നഗരത്തിൽനിന്ന് ഒന്നര മണിക്കൂർ മാത്രം അകലെയുള്ള പ്രകൃതിസുന്ദരമായ ഒട്ടാവയിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം വാരിവിതറിയ ഈ മനോഹരമായ ദേശം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. നിശ്ശബ്ദത തളംകെട്ടിനിൽക്കുന്ന ഈ ഗ്രാമത്തിൽ, ഞങ്ങളുടെ വീടിന്റെ പിൻഭാഗം ചില വൈകുന്നേരങ്ങളിൽ അതിമനോഹരമായൊരു കാഴ്ചയായി മാറുന്നു. സദാ പാറിപ്പറന്ന്, കൊക്കുരുമ്മി, എന്നോട് കുശലം പറയുന്നതുപോലെ ചുറ്റിത്തിരിയുന്ന കുഞ്ഞിക്കുരുവികൾ... ലവലേശം ഭയമില്ലാതെ തുള്ളിച്ചാടി ഓടിനടക്കുന്ന മുയലുകൾ... ചില വൈകുന്നേരങ്ങളിൽ ഞാനവർക്ക് കൂട്ടുകാരിയും അവർ എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരുമാണ്. സന്ധ്യാസമയത്ത് പാത്തും പതുങ്ങിയും എത്തുന്ന പുള്ളിമാൻകൂട്ടങ്ങൾ... ഞങ്ങൾ അവിടെത്തന്നെയുണ്ടോ എന്നറിയാൻ, കാലുകൾ പതുക്കെ ഉയർത്തിവെച്ച് ഗാംഭീര്യത്തോടെ നടന്നടുക്കുന്ന മയിലുകൾ... ഈ കാഴ്ചകളെല്ലാം എന്റെ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സമാധാനവും പകരുന്നു. അങ്ങനെയിരിക്കെ, ഒരുനാൾ പകൽസമയം ഞാനറിയാതെ ഏറെ വൈകിപ്പോയി. ചക്രവാളം പതുക്കെ ചുവന്നുതുടുത്തുകൊണ്ടിരുന്നു....