Skip to main content

തേനും പാലും ഒഴുകുന്ന എന്റെ സ്വർഗഭൂമി

എന്റെ കനാൻദേശം —

ദൈവം എനിക്കായി ഒരുക്കിത്തന്ന തേനും പാലും ഒഴുകുന്ന എന്റെ സ്വന്തം കനാൻദേശം! ചിക്കാഗോ നഗരത്തിൽനിന്ന് ഒന്നര മണിക്കൂർ മാത്രം അകലെയുള്ള പ്രകൃതിസുന്ദരമായ ഒട്ടാവയിലാണ് ഞാനിപ്പോൾ താമസിക്കുന്നത്. പ്രകൃതിയുടെ സൗന്ദര്യം വാരിവിതറിയ ഈ മനോഹരമായ ദേശം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്.

നിശ്ശബ്ദത തളംകെട്ടിനിൽക്കുന്ന ഈ ഗ്രാമത്തിൽ, ഞങ്ങളുടെ വീടിന്റെ പിൻഭാഗം ചില വൈകുന്നേരങ്ങളിൽ അതിമനോഹരമായൊരു കാഴ്ചയായി മാറുന്നു. സദാ പാറിപ്പറന്ന്, കൊക്കുരുമ്മി, എന്നോട് കുശലം പറയുന്നതുപോലെ ചുറ്റിത്തിരിയുന്ന കുഞ്ഞിക്കുരുവികൾ... ലവലേശം ഭയമില്ലാതെ തുള്ളിച്ചാടി ഓടിനടക്കുന്ന മുയലുകൾ... ചില വൈകുന്നേരങ്ങളിൽ ഞാനവർക്ക് കൂട്ടുകാരിയും അവർ എനിക്ക് പ്രിയപ്പെട്ട കൂട്ടുകാരുമാണ്.

സന്ധ്യാസമയത്ത് പാത്തും പതുങ്ങിയും എത്തുന്ന പുള്ളിമാൻകൂട്ടങ്ങൾ... ഞങ്ങൾ അവിടെത്തന്നെയുണ്ടോ എന്നറിയാൻ, കാലുകൾ പതുക്കെ ഉയർത്തിവെച്ച് ഗാംഭീര്യത്തോടെ നടന്നടുക്കുന്ന മയിലുകൾ... ഈ കാഴ്ചകളെല്ലാം എന്റെ മനസ്സിന് പറഞ്ഞറിയിക്കാനാവാത്ത സന്തോഷവും സമാധാനവും പകരുന്നു.

അങ്ങനെയിരിക്കെ, ഒരുനാൾ പകൽസമയം ഞാനറിയാതെ ഏറെ വൈകിപ്പോയി. ചക്രവാളം പതുക്കെ ചുവന്നുതുടുത്തുകൊണ്ടിരുന്നു. അസ്തമയസൂര്യന്റെ ചുവപ്പുരാശി ആകാശമാകെ പടരാൻ തുടങ്ങിയിരുന്നു.

ഞാൻ വേഗം ഒരു ചായയുണ്ടാക്കി കുടിച്ചുകൊണ്ട് കപ്പുമെടുത്ത് വീടിന്റെ പിന്നാമ്പുറത്തേക്ക് ഇറങ്ങി.

അപ്പോഴതാ, ആകാശനീലിമയിൽ അതിമനോഹരമായ വർണചിത്രങ്ങൾ തെളിഞ്ഞുവരുന്നു! ഒരു ചിത്രകാരൻ തന്റെ ചായപ്പാത്രം തട്ടിത്തൂവിയതുപോലെ ചുവപ്പും ഓറഞ്ചും സ്വർണനിറവും കലർന്ന മേഘശകലങ്ങൾ ആകാശത്ത് വിസ്മയകരമായ ചിത്രങ്ങൾ വരയ്ക്കുന്നു.

ഇതിലും നല്ലൊരു അവസരം ഇനി എപ്പോൾ കിട്ടാനാണ്?

ഞാൻ അവിടെ കുറേനേരം ശാന്തമായി ഇരുന്നു. പ്രകൃതിയുടെ ആ അപൂർവ സൗന്ദര്യം കണ്ണുനിറയെ ആസ്വദിച്ചു. ആകാശത്ത് ഓരോ നിമിഷവും മാറിമറിയുന്ന വർണവിസ്മയങ്ങൾ കണ്ടപ്പോൾ എന്റെ മനസ്സ് അറിയാതെ ദൈവത്തിലേക്ക് ഉയർന്നു.

എത്ര മഹത്തരം ഈ സൃഷ്ടി! എത്ര മനോഹരം ഈ സൃഷ്ടികർത്താവിന്റെ കരവിരുത്!

ഒരു ചിത്രകാരന് നിറങ്ങൾകൊണ്ട് വരയ്ക്കാൻ കഴിയുന്ന സൗന്ദര്യത്തിനും അപ്പുറമാണ് ദൈവം പ്രകൃതിയിൽ തീർത്തിരിക്കുന്ന ഓരോ ചിത്രവും. അതിന് അതിരുകളില്ല, അതിന് പകരംവയ്ക്കാൻ മറ്റൊന്നുമില്ല.

ഈ സൗന്ദര്യങ്ങളെല്ലാം കാണാനും അനുഭവിക്കാനും കഴിയുന്ന ഈ ജീവിതം എത്ര വലിയൊരു അനുഗ്രഹമാണ്!

എന്റെ ഈ കൊച്ചുലോകം എനിക്ക് വെറുമൊരു താമസസ്ഥലമല്ല; ദൈവത്തിന്റെ സ്നേഹവും കരുതലും ഓരോ നിമിഷവും അനുഭവിച്ചറിയാൻ കഴിയുന്ന എന്റെ സ്വന്തം കനാൻദേശമാണ്.

തേനും പാലും ഒഴുകുന്ന എന്റെ മനോഹരമായ കനാൻദേശം! ചുവപ്പും ഓറഞ്ചും തവിട്ടും തുടങ്ങി പല വർണങ്ങളണിഞ്ഞ് നിലത്തേക്ക് പൊഴിയുന്നു. ഓരോ ഇലയും ഭൂമിയിലേക്ക് മടങ്ങുമ്പോഴും പ്രകൃതി പുതിയൊരു ചിത്രമാണ് വരയ്ക്കുന്നത്.

അക്കൂട്ടത്തിൽ എന്റെ ഹൃദയത്തെ ഏറ്റവും കൂടുതൽ സ്പർശിക്കുന്ന ഒരു മരമുണ്ട് — വീപ്പിങ് വില്ലോ (Weeping Willow).

കുളികഴിഞ്ഞ് മുടിയഴിച്ചിട്ടു നിൽക്കുന്ന ഒരു സ്ത്രീയെപ്പോലെ, നീണ്ട ശിഖരങ്ങളും ഇലകളും താഴേക്ക് അഴിച്ചിട്ടുനിൽക്കുന്ന ആ മരം കാണുമ്പോൾ എന്റെ മനസ്സ് അറിയാതെ അതിലേക്കു ചായും. അതിന്റെ ഭംഗി വർണിക്കാൻ വാക്കുകൾ മതിയാകുന്നില്ല. കാറ്റിൽ മെല്ലെ ആടുന്ന അതിന്റെ ശിഖരങ്ങൾക്കിടയിൽ എന്തോ ഒരു നിശ്ശബ്ദ ദുഃഖം ഒളിഞ്ഞിരിക്കുന്നതുപോലെ എനിക്കു തോന്നാറുണ്ട്.നിലത്തേക്ക് അടർന്നുവീഴുന്ന അതിന്റെ ചെറുശിഖരങ്ങൾ ഞാൻ പലപ്പോഴും കുനിഞ്ഞെടുത്ത് കൈയിലൊതുക്കും. അതിന്റെ ഓരോ ചില്ലയിലും പ്രകൃതിയുടെ ഒരു മായാത്ത സ്പർശമുണ്ടെന്ന് എനിക്കു തോന്നുന്നു.

ആ മരത്തെ കാണുമ്പോഴൊക്കെ ഞാൻ എന്നോടുതന്നെ ചോദിക്കാറുണ്ട്: എന്നെപ്പോലെ കരഞ്ഞും വേദനകൾ ഉള്ളിലൊതുക്കിയും ജീവിക്കുന്ന ഒരു ഹൃദയം ഈ മരത്തിനുമുണ്ടാകുമോ?ഒരുപക്ഷേ, അതുകൊണ്ടാവാം ആ മരം എനിക്ക് ഇത്രയേറെ പ്രിയപ്പെട്ടതാകുന്നത്. അതിന്റെ സൗന്ദര്യത്തിനപ്പുറം, എന്റെ മനസ്സിന്റെ നിശ്ശബ്ദതകളെ തിരിച്ചറിയുന്ന ഒരു കൂട്ടുകാരിയെപ്പോലെ ഞാനതിനെ കാണുന്നു.


 

എന്റെ ക്യാമറക്കണ്ണുകൾ പലവട്ടം അതിന്റെ സൗന്ദര്യം ഒപ്പിയെടുക്കാൻ ശ്രമിച്ചിട്ടുണ്ട്. പക്ഷേ, അതിന്റെ യഥാർഥ മനോഹാരിത പൂർണമായി പകർത്താൻ ഇന്നുവരെ എനിക്കു കഴിഞ്ഞിട്ടില്ല. ചില സൗന്ദര്യങ്ങൾ അങ്ങനെയാണ്; അവ കണ്ണുകൾകൊണ്ട് കാണാം, ഹൃദയംകൊണ്ട് അനുഭവിക്കാം, പക്ഷേ പൂർണമായി പകർത്താനോ വാക്കുകളിൽ ഒതുക്കാനോ കഴിയില്ല.


ഇതെല്ലാം കാണുമ്പോൾ എന്റെ മനസ്സ് ദൈവത്തിന്റെ മഹത്വത്തിനു മുന്നിൽ അറിയാതെ നമിച്ചുപോകുന്നു.

എത്ര വൈവിധ്യമാർന്ന സൃഷ്ടികൾ! ഓരോ ഋതുവിലും പുതിയ ഭാവങ്ങൾ, ഓരോ മരത്തിലും വ്യത്യസ്തമായ സൗന്ദര്യം, ഓരോ പൂവിലും വിസ്മയകരമായ നിറങ്ങൾ! ഇതെല്ലാം സൃഷ്ടിച്ച ആ മഹാകരവിരുതിനെ എത്ര പുകഴ്ത്തിയാലും മതിയാകില്ല.

എന്റെ ഈ കൊച്ചു കാനാൻദേശത്ത് ഓരോ ദിവസവും ഞാൻ കാണുന്നത് പ്രകൃതിയുടെ സൗന്ദര്യം മാത്രമല്ല; അതിലൂടെ വെളിപ്പെടുന്ന സൃഷ്ടികർത്താവിന്റെ മഹത്വം കൂടിയാണ്.

ദൈവമേ, അങ്ങയുടെ സൃഷ്ടികൾ കാണാനും അവയുടെ സൗന്ദര്യം ആസ്വദിക്കാനും എനിക്കു നൽകിയ ഈ അനുഗ്രഹത്തിന് നന്ദി!


 

Comments

Popular posts from this blog

മഞ്ഞിൽ വിടർന്ന വസന്തം

മഞ്ഞിൽ കുടുങ്ങിയ ദിവസങ്ങൾ, പൂക്കളായി വിരിഞ്ഞ നിമിഷങ്ങൾ ക്യാപ്ഷൻ കേട്ടിട്ട് എന്തോ പോലെ തോന്നുന്നുണ്ടല്ലേ? അതിന് കാരണമുണ്ട്... മറുനാടൻ മലയാളിയായ എനിക്ക് പൂക്കളെ ആസ്വദിക്കാൻ വർഷത്തിൽ ഏകദേശം ആറുമാസം മാത്രമേ സാധിക്കാറുള്ളൂ. ബാക്കി ആറുമാസം നീണ്ടുനിൽക്കുന്ന മഞ്ഞുകാലം. പുറത്തേക്ക് ഇറങ്ങാൻ പോലും പ്രയാസമുള്ള ആ ദിവസങ്ങളിലാണ് ഞാൻ സ്വയം ഒരു കലാകാരിയായി മാറുന്നത്. കാണുന്ന പൂക്കളൊക്കെയും മനസ്സിൽ നിറഞ്ഞപ്പോൾ, അവയെ സ്വന്തമായി ഉണ്ടാക്കി സമയം ചെലവഴിക്കാൻ തുടങ്ങി. അങ്ങനെ പറയാം, "ഉർവശി ശാപം ഉപകാരം" എന്ന പോലെ! ഒട്ടും മടുപ്പ് കൂടാതെ വിശ്രമവേളകളെ വിനോദമാക്കി മാറ്റുക എന്നത് ഒരു വലിയ അനുഗ്രഹമാണ്. കുറച്ച് ക്ഷമയും ഇത്തിരി കലാബോധവും ഉണ്ടെങ്കിൽ നമ്മളാൽ കഴിയാത്തതായി ഒന്നുമില്ലെന്നാണ് എന്റെ വിശ്വാസം. ചിലപ്പോൾ അതൊരു വലിയ ആത്മസംതൃപ്തിയായി മാറും. ഈ കാണുന്ന പൂക്കൾ ഒരു വാശിയുടെ പുറത്തുണ്ടായ എന്റെ ചെറിയ കലാസൃഷ്ടി തന്നെയാണ്. അദ്ധ്യാപിക ജോലി ഉപേക്ഷിക്കണമെന്ന് അച്ഛനും മക്കളും ഒരേ സ്വരത്തിൽ പറഞ്ഞപ്പോൾ, "നിങ്ങൾക്ക് വേണ്ടെങ്കിൽ എനിക്കും വേണ്ട" എന്ന് പറഞ്ഞ് ഞാൻ പുതിയൊരു ജീവിതത്തിലേക്ക് ഇറങ്ങി. ആദ്യ ദിവസങ്ങളി...